തലശേരി:(www.thalasserynews.in) തലശേരി എൽഡിഎഫ് വടകര മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവർക്കുള്ള മറുപടി കൂടിയായി വോട്ടവകാശം വിനിയോഗിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. മഹാമാരിയുടെ കാലത്ത് നമ്മുടെ ജീവൻ രക്ഷിച്ച ടീച്ചറോട് നന്ദി പറയാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ടീച്ചറെ വിജയിപ്പിക്കണം.
വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കുന്ന അലവലാതികൾക്കുള്ള സ്ഥാനമല്ല പാർലമെണ്ടെന്ന് പ്രഖ്യാപിക്കാൻ സാധിക്കണം. എൽഡിവൈഎഫ് സംഘടി്പ്പിച്ച് യൂത്ത് വിത്ത് ടീച്ചർ റോഡ് ഷോ തലശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ടീച്ചറാണ്.
മരണാസന്നനായി ആശുപത്രിയിൽ കിടന്നപ്പോൾ കൂടപിറപ്പിനെ പോലെ സ്‌നേഹം നൽകിയ സഹോദരിയാണവർ. അവരെയാണ് സമൂഹമാധ്യമങ്ങളിലൂടെ തെറിവിളിച്ച് അപമാനിക്കുന്നത്. കെ കെ ശൈലജക്കെതിരെ അപവാദം പ്രചരിപ്പിക്കാൻ ഓരോ ജില്ലയിലും അലവലാതി സംഘം പ്രവർത്തിക്കുകയാണ്.
അമ്മ പെങ്ങന്മാരെ തിരിച്ചറിയാനാവാത്തവരാണ് ടീച്ചറെ അസഭ്യം പറയുന്നത്. കെ കരുണാകരന്റെ മകളുടെ പിതൃത്വത്തെ ചൊദ്യംചെയ്‌തവരാണ് ടീച്ചർക്കെതിരെയും നീങ്ങുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. പി ദിപിൻ അധ്യക്ഷനായി. ചലച്ചിത്രതാരം ഹരിശ്രീ അശോകൻ, മുഹമ്മദ് അഫ്സൽ, പി സനീഷ് എന്നിവർ സംസാരിച്ചു. എൽഡിവൈഎഫ് ജില്ല നേതാക്കൾ പങ്കെടുത്തു. ആൽമരം ബാൻഡിന്റെ സംഗീതവിരുന്നും 'യൂത്ത് വിത്ത് കെ കെ ശൈലജ റോഡ്ഷോ'വിന് മിഴിവേകി.
Minister KB Ganeshkumar said that vote should be a sign of protest for those who utter obscenities;Youth with Shailaja road show in Thalassery